സോഷ്യൽ മീഡിയ വർദ്ധിച്ചിരിക്കുന്ന കാലം. ഏറെ പുരോഗമന വാദങ്ങൾ നടക്കുന്ന കാലം. എന്തും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാലം. ഞാൻ പറയുന്നത് മാത്രം ശരി എന്ന് സ്ഥാപിക്കാൻ ഏതു വിധത്തിലും വചനത്തെ കോട്ടി മാറ്റി കളയുന്നു. എന്നാൽ ദൈവ വചനം ഇതു ശരിയെന്നു നമ്മെ പഠിപ്പിക്കുന്നില്ല. പൗലോസ് തിമോത്തിയോസിനു ലേഖനം എഴുതുമ്പോൾ പറയുന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പഥ്യ വചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അനർത്ഥം ഉപദേശിക്കുന്നവൻ ഒന്നും തിരിച്ചറിയാതെ തർക്കത്തിന്റെയും വാഗ്‌വാദത്തിന്റെയും ഭ്രാന്തു പിടിച്ചു ചീർത്തിരിക്കുന്നു. അതാണ്. തന്റെ ഭാഗം ജയിക്കണമെന്നു മാത്രം.
സഹോദരനെ നിസാര എന്ന് വിളിച്ചാൽ ന്യായദീപ സഭയുടെ മുമ്പിൽ നിൽക്കേണ്ടി വരുമെന്നും, മൂഢ എന്ന് പറഞ്ഞാൽ അഗ്നി നരകത്തിനു യോഗ്യനാകും എന്ന് കർത്താവു തന്റെ സ്വന്തം വായ് കൊണ്ട് പറഞ്ഞ വചനം മറന്ന്, തമ്മിൽ തമ്മിൽ ചെളി വാരിയെറിഞ് , അസൂയയും ശണ്ഠയും, ഭൂഷണവും, വ്യർത്ഥവാദങ്ങളും വർധിപ്പിക്കുന്നു. ദൈവ ഭക്തി ആദായ സൂത്രമാക്കാനുള്ളതല്ല. അവസരത്തിനനുസരിച്ചു വളച്ചൊടിക്കാനുള്ളതുമല്ല. ദൈവിക പ്രമാണങ്ങൾ എന്നേക്കും നിലനിൽക്കുന്നതും, സ്ഥിരമായ ഒരു പ്രമാണവുമാണ്. ഏതു കാലത്തും അതിനൊരു പ്രമാണം, ഒരു വ്യവസ്ഥ മാത്രമേയുള്ളു. കാലത്തിനനുസരിച്ചു മാറികൊണ്ടിരിക്കുന്നതല്ല ദൈവിക പ്രമാണങ്ങൾ. ഇതൊക്കെ എന്തോ പുതിയ വെളിപ്പാടാണെന്നും, എന്തോ വലിയ ജ്ഞാനമാണെന്നും കാണിക്കാനുള്ള ബദ്ധപ്പാടുകൾ. ജ്ഞാനമെന്നു വ്യാജമായി പേർ പറയുന്ന ഭക്തി വിരുദ്ധമായ വൃഥാലാപങ്ങൾ തർക്കസുത്രങ്ങൾ മാത്രം. അതിനെ ഒരു വിശ്വാസി ഒഴിഞ്ഞിരിക്കയും തന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധിയെ കാത്തുകൊണ്ടും വിശ്വാസത്തിൽ തെറ്റിപോകാതെ നില നിൽക്കുകയും നിഷ്കളങ്കനും നിരപവാദ്യനുമായ കർത്താവായ യേശുക്രിസ്തുവിന്റെ വരവുവരെയും അതിനെ പ്രമാണിക്കുന്നതുമാണ് ദൈവ പൈതലിനു ഭൂഷണം.
നമ്മുടെ കർത്താവു തേജസ്സിൽ വരാറായി. ഇതിൽ നിന്നെല്ലാം ഒഴിഞ്ഞിരുന്നു വചനധ്യാനവും പ്രാർത്ഥന ജീവിതവും വർധിപ്പിക്കണം. തർക്കങ്ങളുടെയും വാഗ്‌വാദങ്ങളുടെയും പുറകെ പോകാതെ നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം. സമാധാനമില്ലാത്ത രാജ്യങ്ങൾ, ദേശങ്ങൾ, നമ്മുടെ ചുറ്റുപാടുകൾ ഇതെല്ലാം ഓർത്തു പ്രാർത്ഥിക്കാം. ഒരു പക്ഷിയുടെ രണ്ടു ചിറകു പോലെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ വചന ധ്യാനവും പ്രാർത്ഥനയും. വചനധ്യാനമില്ലാത്ത പ്രാർത്ഥനയും, പ്രാര്ഥനയില്ലാത്ത വചനധ്യാനവും ശക്തിപ്പെടുകയില്ല. രണ്ടും ഒരു പോലെ അനുഭവിച്ചറിയുന്ന ദൈവ പൈതൽ പ്രതികൂലകാറ്റുകളെ ഭേദിച്ച് ഭേദിച്ച് ഉയരങ്ങളിലേക്ക് പറന്നുയരുന്ന പക്ഷിയെപ്പോലെ ആത്മിക ഉന്നതമണ്ഡലങ്ങളിൽ ശക്തിയോടെ പറന്നുയരും. പ്രാർത്ഥിക്കുന്ന ദൈവപൈതലിനു മുമ്പിൽ ശത്രു വിറച്ചോടും. പ്രശ്നങ്ങളെന്നോ പ്രതികൂലങ്ങളെന്നോ അനുഭവപ്പെടുന്നിടത്തേക്ക് വചനമാകുന്ന വിത്തെറിയുക. അവിടെ ഗുണമേന്മയുള്ള ഫലം ഉളവാക്കുന്നത് തിരിച്ചറിയാൻ കഴിയും. നമ്മുടെ പ്രാർത്ഥന മുറിയിൽ ദൈവ സാന്നിധ്യം തിരിച്ചറിയണം. ലോകത്തെ ചലിപ്പിക്കാൻ കഴിയുന്ന ശക്തി പ്രാര്ഥനക്കുണ്ട്. ദൈവ സിംഹാസനത്തെ പിടിച്ചു കുലുക്കുവാൻ പ്രാർത്ഥനാശക്തിക്കു കഴിയും. തന്നെത്താൻ താഴ്ത്തി ദൈവകൃപാസനത്തിന്നരികില്ലേക് ചെന്നാൽ അവിടെ ആഗ്നി കത്തും. പ്രാർത്ഥന മുറിയിൽ പരിശുധാത്മാവിന്റെ ചൂട് തിരിച്ചറിയുവാൻ, ദൈവിക പ്രവർത്തി തിരിച്ചറിയുവാൻ ഇടയാകണം. കൃപാവരങ്ങളാൽ നിറയാൻ ദൈവിക ശക്തിയാൽ ജ്വലിക്കുവാൻ പ്രാർത്ഥനയാണ് പ്രധാനം. പ്രാർത്ഥനാമനുഷ്യൻ മരണകിടക്കയിലായാലും ജയാശ്രയങ്ങളെ തൊടുത്തുവിടുവാൻ കഴിയും.
മടുത്തുപോകാതെ പ്രാർത്ഥിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. ചില വൻ മരങ്ങളെ വെട്ടി വീഴ്ത്താൻ ഒന്നോ രണ്ടോ പത്തു വെട്ടുകൊണ്ട് സാധ്യമല്ല. എന്നാൽ ഓരോ വെട്ടും അതിനെ മുറിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അവസാനത്തെ കോടാലിവെട്ടിനാൽ മരം താഴെ വീഴും. അതുപോലെ ചില വിഷയങ്ങൾ ഒന്നോ രണ്ടോ പ്രാർത്ഥനകൊണ്ട് മാറുന്നില്ല. മടുത്തുപോകാതെ പ്രാര്ഥനാനിരതരായിരിക്കണം. മഴ പെയേണ്ടതിനു ആകാശത്തിന്റെ കിളിവാതിൽ തുറക്കാൻ ഭക്തൻ മുട്ടിന്മേൽ നിന്നു. കണ്ടുവന്ന ഭക്തി, ചെറുപ്രായം മുതൽ പരിചയിച്ചുവന്ന ഭക്തി, മാതാപിതാക്കന്മാർ കൂടായ്മക്കും ആരാധനയ്‌ക്കും ചെറുപ്രായം മുതൽ കൊണ്ടുപോയിരുന്നതി ലഭിച്ച ഭക്തിയല്ല, വക്തിപരമായി രഹസ്യപ്രാര്ഥനാമുറിയിൽ ഒരു ഉടമ്പടിയിൽ വന്നു വക്തിപരമായി തിരിച്ചറിയുന്ന ദൈവിക സാന്നിധ്യത്തിന്റെ ചൂട് അനുഭവിച്ചറിയുന്ന ദൈവപൈതൽ ഒന്നിലും കുലുങ്ങാതെ പ്രതികുളങ്ങളെ പ്രശ്നങ്ങളെ വകവെക്കാതെ ലക്ഷ്യബോധമുള്ളവരായി ലക്ഷ്യത്തിലേക്കു ഓടും.
തനിക്കുളവർക്കും പ്രേത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയോട് അധമനായിരിക്കുന്നു എന്ന് വചനം പറയുന്നു. ലോകം മുഴുവനും നേടാനും കസേരയും പ്രശശ്തിയും നേടാനും, flex -ൽ പേര് വരാനും ഒന്നും കഴിഞ്ഞു ഇല്ലെങ്കിലും സ്വന്ത ആത്മാവിനെയും സ്വന്ത കൂട്ടാളിയെയും നേടി കർത്താവ് തന്ന കുഞ്ഞുങ്ങളെയും, തലമുറകളെയും ചേർത്തുപിടിച്ചു, ഇതാ നീ എന്നെ ഏല്പിച്ചത് എന്ന് പറഞ്ഞു ദൈവിക ന്യായാസന്നിധിയിൻ മുമ്പിൽ നിൽക്കാൻ കഴിഞ്ഞാൽ അതിൽ പരം ഭാഗ്യം മറ്റൊന്നുമില്ല. നാം ഓരോരുത്തരും കണക്കു ബോധിപ്പിക്കേണ്ടവരാണ്. അധികം കിട്ടിയവനോട് അധികം ചോദിക്കും. നല്ലവനും വിശ്വസ്തനുമായ ദാസനെ നിന്നെ ഞാൻ അധികത്തിൽ വിചാരകനാക്കും എന്നുള്ള ഇമ്പ ശബ്ദം കേൾക്കുവാൻ നമ്മുക്ക് ഒരുങ്ങാം. ഉണരാം. പ്രാർത്ഥനാ വീരന്മാരായി മാറാം. യേശു വരാറായി. സ്തോത്രം. ഹല്ലെലുയാഹ്.